GA4

Wednesday, August 7, 2019

A Detailed History of Ranni

ദക്ഷിണ ഭഗീരഥി എന്നറിയപ്പെടുന്ന സുന്ദരിയായ പമ്പാനദിയുടെ ഇരുകരകളിലുമായി കുന്നുകളും, മലകളും, താഴ് വാരങ്ങളും ഉൾക്കൊണ്ട് കൊണ്ട് വടക്ക് കാഞ്ഞിരപ്പളളിയും തെക്ക് മൈലപ്രായും അതിരായി കിടക്കുന്ന പ്രകൃതിരമണിയമായ ഭൂവിഭാഗമാണ് റാന്നി .പന്തളം രാജാക്കൻമാരുടെ സാമന്തന്മാരായ കർത്താക്കന്മാരായിരുന്നു ആദ്യകാല നാടുവാഴികൾ. നിലയ്ക്കൽ, തുലാപ്പള്ളി മുതലായ പ്രദേശങ്ങളിൽ ആദ്യ നൂറ്റാണ്ടുകൾ മുതലെ ജനവാസ കേന്ദ്രങ്ങളായിരുന്നു. എന്നാൽ കാലക്രമേണ ഈ പ്രദേശങ്ങളിൽ ഉണ്ടായ കൊള്ളക്കാരുടെയും, പാണ്ടികളുടെയും ആക്രമണം കാരണം ജനങ്ങൾ ഈ പ്രദേശങ്ങളിൽ നിന്ന് പലായനം ചെയ്തതായി പറയപ്പെടുന്നു. പിൽക്കാലത്ത് ഈ പ്രദേശം പാണ്ടി സ്വദേശികളായ പന്തളം രാജാക്കന്മാരുടെ അധികാരസീമയിൽ പെടുകയും, അധികാരം ചോദ്യം ചെയ്യുന്നവരെ അമർച്ച ചെയ്യുന്നതിനായി പാണ്ടിയിലെ അമ്പാളം എന്ന സ്ഥലത്തു നിന്നും ഉന്നതകുലജാതരും വില്ലാളിവീരൻമാരുമായ യോദ്ധാക്കളെ വരുത്തുകയും അവർക്ക് "കർത്താവ് " എന്ന സ്ഥാനം നൽകി റാന്നിയിൽ പാർപ്പിക്കുകയും ചെയ്തു. ഇവരാണ് "റാന്നി കർത്താക്കൻമാർ" എന്നറിയപ്പെടുന്ന നാടുവാഴികൾ.

ആധുനിക റാന്നിയുടെ ചരിത്രം ആരംഭിക്കുന്നത് കർത്താക്കൻമാരുടെ ആഗമനത്തോടു കൂടിയാണ്. പുതുശേരിമല, പെരുമ്പുഴ, ചുഴുകുന്ന് തുടങ്ങിയ സ്ഥലങ്ങളിൽ കർത്താക്കന്മാർ ഇല്ലങ്ങൾ നിർമ്മിക്കുകയും അവയുടെ സംരക്ഷണത്തിനായി കോട്ടകൾ നിർമ്മിക്കുകയും ചെയ്തു. അക്കാരണത്താൽ റാന്നിയിലെ കർത്താക്കൻമാർ പൊതുവെ "കോട്ടയിൽ കർത്താക്കൻമാർ"എന്ന പേരിൽ അറിയപ്പെട്ടു. റാന്നിയുടെ അധിപന്മാരായ കർത്താക്കൻമാർ ദേശത്തെ അഭിവൃദ്ധിപ്പെടുത്തുന്നതിന്റെ ഭാഗമായി കൃഷിക്കും ആയോധനത്തിനുമായി പാണ്ടനാട് , പരുമല എന്നീ പ്രദേശങ്ങളിൽ നിന്ന് നായന്മാരെയും, കച്ചവടത്തിന്നു ജലഗതാഗതത്തിനുമായി ക്രിസ്ത്യാനികളെയും വരുത്തി. കച്ചവടത്തിനും മറ്റുമായി മുസ്ലീങ്ങളും എത്തിച്ചേർന്നു അവർ അങ്ങാടിയിലും വൈക്കത്തുമായി താമസമുറപ്പിച്ചു.

പന്തളം പിടച്ചടക്കിയ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവ് കോട്ടയിൽ കർത്താക്കൻമാർക്ക് റാന്നിയുടെ നാടുവാഴി സ്ഥാനം ഉറപ്പിച്ചു കൊടുത്തുകൊണ്ട് കൊല്ലവർഷം 915ൽ നീട്ടുനൽകുകയുണ്ടായി. ഈ കർത്താക്കൻമാരാണ് രാമപുരം പാർത്ഥസാരഥി ക്ഷേത്രം പണികഴിപ്പിച്ചത്. കൊല്ലവർഷം 11-ാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് നടന്ന റവന്യു സെറ്റിൽമെന്റ് കാലത്ത് ധാരാളം ആളുകൾ വനഭൂമി പതിച്ചിച്ചെടുത്ത് റാന്നിയിലേക്ക് കുടിയേറി. 16-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ കോട്ടയിൽ കർത്താക്കൻമാർ വടക്കുംകൂർ രാജാവിനോട് അഭ്യർത്ഥിച്ചതിന്റെ ഫലമായി അവരുടെ അംഗരക്ഷകരായിരുന്ന മൂന്നു ക്നാനായ നസ്രാണി കുടുംബങ്ങളെ ആദ്യമായി റാന്നിയിൽ കൊണ്ടുവന്ന് കുടിയിരുത്തുകയുണ്ടായി. ആയോധന വിദ്യയിൽ അഭ്യാസം നേടിയ ഈ മൂന്നു കുടുംബങ്ങളെ കോട്ടയിൽ കർത്താക്കൻമാരുടെ തൊട്ടടുത്താണ് താമസിപ്പിച്ചിരുന്നത്. കർത്താക്കൻമാരുടെ സംരക്ഷണത്തിനും താല്പര്യങ്ങൾക്കുമായി നിലകൊണ്ട ക്നാനായ കുടുംബങ്ങൾക്ക് ധാരാളം ഭൂസ്വത്ത് പതിച്ച് നൽകി. കർത്താക്കൻമാരുടെ പ്രോത്സാഹനം നിമിത്തം കൂടുതൽ ക്നാനായ കുടുംബങ്ങൾ കടുത്തുരുത്തി, കോട്ടയം, കല്ലിശേരി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് റാന്നിയിൽ കുടിയേറി പാർത്തു.

ആരാധനാലയങ്ങൾ

ശബരിമല ധർമ്മശാസ്താ ക്ഷേത്രമാണ് റാന്നി താലൂക്കിലെ ഏറ്റവും പുരാതനമായ ഹൈന്ദവക്ഷേത്രം. അതു കഴിഞ്ഞാൽ പഴവങ്ങാടിക്കരയിലുള്ള ഭഗവതിക്കുന്നു ക്ഷേത്രം. മറ്റ് പ്രധാന ക്ഷേത്രങ്ങൾ തോട്ടമൺകാവ് ഭഗവതി ക്ഷേത്രം, ശാലീശ്വരം ശിവക്ഷേത്രം, രാമപുരം ക്ഷേത്രം എന്നിവയാണ്.

റാന്നിയിലെ പ്രഥമ ക്രൈസ്തവ ദേവാലയം റാന്നി സെൻറ് തോമസ് ക്നാനായ വലിയ പള്ളിയാണ്. എ ഡി 1742 വരെ റാന്നിയിലെ ക്നാനായക്കാർ കല്ലിശേരി പളളി ഇടവകാംഗങ്ങളായിരുന്നു. റാന്നിയിൽ ഒരു ദേവാലയം പണിയണമെന്ന ക്നാനായക്കാരുടെ ആഗ്രഹം മാനിച്ചുകൊണ്ട് കർത്താക്കൻമാർ നാമമാത്രമായ കനകപ്പൊടി പ്രതിഫലമായി സ്വീകരിച്ചു കൊണ്ട്  റാന്നിയിലെ പ്രഥമ ക്രൈസ്തവ ദേവാലയമായ സെന്റ് തോമസ് വലിയപള്ളി പണിയുവാൻ ഏകദേശം ആറേക്കറോളം വരുന്ന ദേവർകുന്ന് എന്ന സ്ഥലം കരമൊഴിവായി നൽകി. ക്നാനായക്കാർ കൊല്ലവർഷം 918 (1742) ൽ മാർത്തോമ്മാ ശ്ലീഹായുടെ നാമത്തിൽ ഇവിടെ പള്ളി പണിയിച്ചു.  ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്ന പുരാതനമായ ഒരു സുറിയാനി കയ്യെഴുത്ത് വേദപുസ്തകം  1806 ൽ പള്ളി സന്ദർശിച്ച സിം എം എസ് മിഷണറി ഡോ. ക്ലോഡിയസ് ബുക്കാന ന് സമ്മാനിച്ചതാണ്. റാന്നിയിലെ എല്ലാ വിഭാഗം ക്രൈസ്തവരും ഈ ദേവാലയത്തിലാണ് ആരാധന നടത്തിയിരുന്നത്. റാന്നിയിലെ ആദ്യ ക്നാനായേതര ഓർത്തഡോക്സ് സുറിയാനി ക്രിസ്ത്യാനികളുടെ ദേവാലയം തോട്ടമൺ പള്ളിയും രണ്ടാമത്തേത് ചെത്തോങ്കരയിലും സ്ഥിതി ചെയ്യുന്നു. ആദ്യ മാർത്തോമ്മ ദേവാലയം വൈക്കത്ത് സ്ഥിതി ചെയ്യുന്നു., ആദ്യ കത്തോലിക്കാ പള്ളി അങ്ങാടിയിലെ കടവിൽ പള്ളിയും, രണ്ടാമത്തെത് അയന്തിക്കലെ ലത്തീൻ പള്ളിയുമാണ്.

മുസ്ലീങ്ങളുടെ ആദ്യകാല രണ്ട് പളളികൾ വൈക്കത്തും തൃക്കോമലയിലും സ്ഥിതി ചെയ്യുന്നു. അങ്ങാടിക്കരയിൽ മുസ്ലീങ്ങൾക്ക് പള്ളി പണിയുന്നതിന്ന് അനുവാദം കൊടുത്തതും കർത്താക്കൻമാർ തന്നെയാണ്.

റാന്നി മാർക്കറ്റ്

റാന്നി വലിയതോടിന് ഇരുവശങ്ങളിലും ഉണ്ടായിരുന്ന രണ്ട് അങ്ങാടികളാണ് അങ്ങാടിയും പഴവങ്ങാടിയും. റാന്നിയിലെ ആദ്യ ചന്ത പെരുമ്പുഴയിലായിരുന്നു. 1057 ലെ വെള്ളപ്പൊക്കത്തിനു ശേഷം ചന്ത ആനപാറയിലേക്ക് മാറ്റിയെങ്കിലും അസൗകര്യം കണക്കാക്കി പഴയ സ്ഥലത്തേക്ക്  മാറ്റി സ്ഥാപിച്ചു. തല് ഭലമായി 99 ലെ ജലപ്രളയത്തിന്റെ കെടുതികൾ അനുഭവിക്കേണ്ടി വന്നു. പബ്ലിക്ക് മാർക്കറ്റ് ആയതിനു ശേഷമുള്ള രണ്ടാമത്തെ സ്ഥലമാണ് ഇപ്പോഴത്തത്. 1100-ാം മാണ്ട് ചിങ്ങമാസത്തിൽ ആരംഭിച്ച പ്രൈവറ്റ് ചന്തയായിരുന്നു പേട്ട ചന്ത.1945 ൽ ഇട്ടിയപ്പാറ പബ്ലിക്ക് മാർക്കറ്റ് ആരംഭിച്ചതോടുകൂടി പേട്ട ചന്ത നിന്നു പോയി. 1950ൽ പേട്ട ചന്ത പബ്ലിക്ക് മാർക്കറ്റ് ആക്കിയെങ്കിലും പ്രവർത്തനം നാമമാത്രമായി തീർന്നു. ഇട്ടിയപ്പാറ മദ്ധ്യ തിരുവിതാംകൂറിലെ പ്രധാനപ്പെട്ട ഒരു ചന്തയാണ്.

വിദ്യാലയങ്ങൾ

റാന്നിയിലെ പ്രഥമ മലയാള വിദ്യാലയം പഴവങ്ങാടിക്കരയിൽ സ്ഥാപിച്ച ഒരു വിദ്യാലയമാണ്. വി. എം സ്കൂൾ എന്നാണ് ഈ സ്കൂൾ പഴയ കാലത്ത് അറിയപ്പെട്ടിരുന്നത്. 150 ലേറെ പഴക്കമുള്ള ഈ സ്കൂൾ വളരെ നല്ല നിലയിൽ പ്രവർത്തിച്ചിരുന്നു. അക്കാലത്ത് ശരാശരി 1000 ൽ പരം വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിരുന്നു. ഒന്നാമത്തെ ഇംഗ്ലീഷ് സ്കൂൾ 1916 ൽ സ്ഥാപിച്ച എം. എസ്. മിഡിൽ സ്കൂളാണ്. രണ്ടാമത്തേത്' 1920 ൽ സ്ഥാപിച്ച എസ്.സി മിഡിൽ സ്കൂൾ ആണ്. രണ്ടാമത്തെ ഹൈസ്ക്കൂൾ ഇടക്കുളം ഗുരുകുലവും, റാന്നിയിലെ ആദ്യ കോളജ് 1964ൽ ആരംഭിച്ച സെന്റ് തോമസ് കോളേജുമാണ്. ഇന്ന് റാന്നിയിലും പരിസര പ്രദേശങ്ങളിലുമായി ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നു.

No comments:

Post a Comment